പ്രാദേശിക ഭാഷയിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ; പുതുതായി പ്രാദേശികവത്ക്കരണം നടത്തുന്ന ബ്രാൻഡുകൾക്ക് പാലിക്കാവുന്ന ചില രീതികൾ

Written by: ശ്വേത ഷാജി

ഭാഷകളെ കഥാപാത്രങ്ങളാക്കി സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഇംഗ്ലീഷിനെ നമുക്ക് നല്ല പെരുമാറ്റ രീതികളുള്ള പരിചയത്തിലുള്ള ഒരാളെന്ന ഗണത്തിൽപ്പെടുത്താം. പക്ഷെ, കൈ മെയ് മറന്ന് വർത്തമാനം പറയാനും തോളിൽ കൈയിടാനും പ്രാദേശിക ഭാഷയ്ക്ക് മാത്രമേ  സാധിക്കൂ. 

തങ്ങൾ ലക്ഷ്യമിടുന്ന പ്രേക്ഷകസമൂഹത്തിൻ്റെ ‘‘സുഹൃത്താ”കാനാണ് ഓരോ ബ്രാൻഡുകളും ശ്രമിക്കുന്നത്. വെറും ആശയവിനിമയം നടത്തുക എന്നതിലുപരി ആളുകളുമായി അടുപ്പമുണ്ടാക്കുന്ന തരത്തിലുള്ള ഭാഷ സംസാരിക്കാനാണ് ബ്രാൻഡുകൾ ആഗ്രഹിക്കുന്നത്. ഒരു ജനസമൂഹത്തെ മുഴുവൻ സന്തോഷിപ്പിക്കാൻ എണ്ണമറ്റ ഭാഷകൾ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നതാണ് വസ്തുത.

വിവിധ മേഖലകളിൽ ഉപഭോക്തൃ ഇടപെടലുകളുടെ രീതിയെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ് ലോക്കലൈസേഷൻ അല്ലെങ്കിൽ പ്രാദേശികവത്ക്കരണം എന്നത്. മാസ് മീഡിയയിൽ നിന്ന് സംഭാഷണങ്ങൾ ആളുകളുടെ കൈവെള്ളയിലെ ടച്ച് സ്ക്രീനുകളിലേക്ക് മാറിയിരിക്കുന്നു. ഉപഭോക്താക്കളെ തങ്ങളോട് ചേർത്തുനിർത്താൻ ഒരു പേഴ്സണൽ ടച്ച് ആവശ്യമാണ് എന്നതിന് വലിയ പ്രാധാന്യമാണ് ഇപ്പോഴുള്ളത്. ഇങ്ങനെ ചെയ്താൽ കൊള്ളാം എന്നൊരു തോന്നലിൽ നിന്ന് ഉണ്ടായ ഒന്നല്ല ഇത്. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. മത്സരം എല്ലാ ദിക്കുകളിലും വളരുകയാണ്. അതേസമയം വിപണിവിഹിതം ചുരുങ്ങുകയും ചെയ്യുന്നു. വേറിട്ടു നിൽക്കുക എന്നത് വല്ലാത്തൊരു വെല്ലുവിളിയാണ്. അത്തരമൊരു ബിസിനസ്സ് പരിതസ്ഥിതിയിൽ, പ്രാദേശിക ഭാഷയിൽ പ്രയോഗിച്ച് വിജയിക്കാൻ സാധിക്കുന്നൊരു രീതി അവലംബിക്കാനായാൽ അത് തുറന്നിടുന്നത് എണ്ണമറ്റ അവസരങ്ങളും ഇതുവരെയും ആരും എത്തിച്ചേരാത്ത വിപണികളുടെ ഉള്ളറകളിലേക്കുള്ള വാതിലുകളുമായിരിക്കും. അതോടൊപ്പം തന്നെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിന്നുകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാനും കഴിയും. ഇതിലെ വെല്ലുവിളി എന്താണെന്നാൽ, പറയാൻ എളുപ്പവും ചെയ്യാൻ ബുദ്ധിമുട്ടുമാണ് എന്നതാണ്. ബ്രാൻഡുകൾക്ക് പ്രാദേശിക ഭാഷ സംസാരിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളികൾ എന്തൊക്കെയാണ്? ബ്രാൻഡുകളെയും ഭാഷകളെയും മനസ്സിലാക്കിയിട്ടുള്ള ഞങ്ങളുടെ സമ്പന്നമായ അനുഭവത്തിൽ നിന്ന് ഞങ്ങൾ തരം തിരിച്ചെടുത്ത അഞ്ച് വെല്ലുവിളികളാണ് താഴെ കൊടുത്തിരിക്കുന്നത്. 

1. പറയാൻ ഉദ്ദേശിച്ചതല്ല ആളുകൾ കേൾക്കുന്നത്

ലോക്കലൈസേഷൻ പുതിയൊരു സംഭവമൊന്നുമല്ല. പണ്ടു കാലം മുതൽക്കെ മാധ്യമ സ്ഥാപനങ്ങൾ വിവിധ ഭാഷകളിൽ നിന്ന് തങ്ങൾക്ക് ആവശ്യമുള്ള ഉള്ളടക്കം പ്രാദേശിക ഭാഷകളിലേക്ക് ആക്കാറുണ്ട്. അവരുടെ ‘കാതൽ’ ഉള്ളടക്കം തന്നെ ആയതിനാൽ, വിവർത്തനത്തിന്റെയും പ്രാദേശികവത്ക്കരണത്തിന്റെയും മറ്റും സങ്കീർണ്ണത അവർ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. പുതുതായി പ്രാദേശികവത്ക്കരണം നടത്തുന്ന ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം, ഉള്ളടക്കമല്ല അവരുടെ പ്രധാന ഘടകം. പക്ഷെ ഉപഭോക്തൃ സന്തോഷം സൃഷ്ടിക്കുന്നതിൽ അതിന് ഒഴിച്ചു കൂടാനാകാത്ത പങ്കുമുണ്ട്. സ്വാഭാവികമായി തന്നെ, തങ്ങളുടെ വൈദഗ്ദ്ധ്യ മേഖല അല്ലാത്തതിനാൽ അത്തരം സ്ഥാപനങ്ങളിലെ ഏറ്റവും മികച്ചവർക്ക് പോലും തീരുമാനം എടുക്കുന്നതിൽ ഒരു അങ്കലാപ്പ് കാണും. പ്രാദേശികവത്ക്കരണം നടത്തുന്നു എന്നതിന് അർത്ഥം അവർ പറയാനുദ്ദേശിക്കുന്ന കാര്യത്തിലുള്ള നിയന്ത്രണം കൈയിൽ നിന്ന് വഴുതുന്നു എന്നാണ്. തങ്ങൾക്ക് മനസ്സിലാകാത്തൊരു ഭാഷയിൽ തങ്ങളുടെ ബ്രാൻഡിൻ്റെ സന്ദേശങ്ങൾ എഴുതുമ്പോൾ തങ്ങൾ പറയാൻ ഉദ്ദേശിച്ചത് തന്നെയാണ് ആളുകളിലേക്ക് എത്തുന്നത് എന്ന് എങ്ങനെ ഉറപ്പിക്കാനാകും? ഈ ഭയമാണ് പല കമ്പനികളെയും വലിയ ഉയരങ്ങൾ കീഴടക്കാൻ ലക്ഷ്യമിടുന്നതിന് പകരം സുരക്ഷിതമായി കളിച്ചാൽ മതി എന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുന്നത്. പിരിമുറുക്കം നിറഞ്ഞ ഈ ഉദ്യമത്തിൽ വിജയിക്കുന്നവർ ആരെന്ന് ചോദിച്ചാൽ അതിനുത്തരം, തങ്ങൾ പറയാൻ ഉദ്ദേശിച്ച കാര്യം ഉപഭോക്താവിൻ്റെ ഭാഷയിൽ അർത്ഥവ്യത്യാസമില്ലാതെ പറയാൻ പറ്റുന്ന ആളുകളെ കണ്ടെത്തുക എന്നതാണ്.

2. എന്തിനാണ് മുൻഗണന നൽകേണ്ടതെന്ന കുഴയ്ക്കുന്ന ചോദ്യം

ഓരോ ബ്രാൻഡിനും ഉപഭോക്താക്കൾക്കായി വിവിധ ടച്ച് പോയിൻ്റുകളുണ്ട്. ഒട്ടുമിക്ക കേസുകളിലും ബ്രാൻഡുകൾക്ക് മൊത്തത്തിൽ പ്രാദേശികവത്ക്കരിക്കാൻ വേണ്ട ആൾബലമോ പണശേഷിയോ ഉണ്ടാകണമെന്നില്ല. ഇവിടെയാണ്, എവിടെ തുടങ്ങണം, എന്തിനാണ് മുൻഗണന നൽകേണ്ടത് എന്ന ചോദ്യം ഉയരുന്നത്. ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ഓരോ ബ്രാൻഡും ടച്ച്പോയിൻ്റുകളുമായി ബന്ധപ്പെട്ട് ഭാഷാ അനുഭവ വീക്ഷണകോണിൽ നിന്നും ശ്രദ്ധാപൂർവ്വം പഠനം നടത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ഏറ്റുവും വലിയ സ്വാധീനം എവിടെയാണുണ്ടാകുന്നത് എന്ന് കണ്ടെത്താൻ കഴിയും. ഏറ്റവും അധികം ആളുകൾ കാണുന്ന വിഭാഗങ്ങൾക്കാകണം ആദ്യ മുൻഗണന നൽകേണ്ടത്. അതൊരുപക്ഷെ പരസ്യമാകാം അല്ലെങ്കിൽ വെബ്സൈറ്റിന്‍റെ ലാൻഡിംഗ് പേജെന്നോ ഹോം പേജെന്നോ വിളിക്കുന്ന ഭാഗമാകാം, അതുമല്ലെങ്കിൽ ഉൽപ്പന്നത്തിന്‍റെ യൂസർ ഇന്‍റർഫെയ്‌സ് അല്ലെങ്കിൽ യുഐ ആകാം. ഈ ടച്ച്പോയിന്‍റുകൾക്ക് പ്രേക്ഷകരെ പെട്ടെന്ന് സന്തോഷിപ്പിക്കാനും അവരുടെ അനുഭവം മെച്ചപ്പെടുത്താനും കഴിയും. പ്രാദേശികവത്ക്കരണവുമായി ബന്ധപ്പെട്ട നല്ലൊരു രീതിയുടെ തുടക്കം ഏത് ടച്ച്പോയിന്‍റിന് മുൻഗണന നൽകണം എന്നതിലായിരിക്കും. പിന്നെ ഘട്ടം ഘട്ടമായി മുഴുവൻ അനുഭവവും പ്രാദേശിക ഭാഷയിലാക്കുന്നത് വരെ ഈ മുൻഗണന നിശ്ചയിക്കുന്ന രീതി തുടരണം. അതുപോലെ തന്നെയാണ് കാര്യക്ഷമമായ വിപണി വിഭാഗീകരണം നടത്തുന്നതും. പ്രാദേശികവത്ക്കരണം നടത്തുമ്പോൾ ഏത് ഭാഷകൾക്ക് മുൻഗണന നൽകണമെന്ന് നിശ്ചയിക്കാൻ ഇത് സഹായിക്കുന്നു.

3. ശരിയായ പങ്കാളികളെ തിരിച്ചറിയൽ

എല്ലാ ബ്രാൻഡുകൾക്കും ഇന്‍ ഹൗസ്‌ ഭാഷാ, സാംസ്ക്കാരിക വിദഗ്ദ്ധരെ നിയമിക്കാനുള്ള പാങ്ങ് കാണണമെന്നില്ല. പ്രാദേശികവത്ക്കരണ സ്ട്രാറ്റജിയുടെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് ഇതിനായി തിരഞ്ഞെടുക്കുന്ന പങ്കാളികളുടെ കാര്യശേഷിയേയും അനുഭവപരിചയത്തെയും ആശ്രയിച്ചിരിക്കും. പങ്കാളി, പാർട്ണർ എന്ന വാക്കാണ് ഞങ്ങൾ ഇവിടെ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നത്. അതിന് കാരണം ഈ ഉദ്യമത്തിൽ അനുയോജ്യം അത്തരത്തിലൊരു രീതിയാണ്. ബുദ്ധിപരമായി നീങ്ങുന്ന ഒരു ബ്രാൻഡിന്, അതിൻ്റെ പ്രധാന മൂല്യങ്ങൾ മനസിലാക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഏജൻസിയുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായി സ്ട്രാറ്റജി നടപ്പാക്കാനാകുന്നു. ശരിയായ ഏജൻസിയെ തിരഞ്ഞെടുത്താൽ പിന്നെ ബ്രാൻഡിൻ്റെ രീതിയിലേക്ക് ഏജൻസിയെ പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്നത് എളുപ്പമാണ്. ഇരുവർക്കും ഉടമസ്ഥാതാബോധം ഉണ്ടാകുമ്പോൾ, പരസ്പര വിശ്വാസവും വിജയിക്കാനുള്ള ശ്രമവും സ്വാഭാവികമായി ഉണ്ടാകുന്നു. ഒരു തുണിയുടെ ഇഴകൾക്ക് നല്ല ബലമുള്ളപ്പോഴാണ് അത് കീറാതെ നിൽക്കുന്നത്. അതുപോലെ രണ്ട് പങ്കാളികൾക്കും ഇഴയടുപ്പമുള്ളപ്പോൾ ബലവും ഫലവും കൂടും.

4. പ്രാദേശികവത്ക്കരണവും വിവർത്തനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയൽ

ഈ ഇംഗ്ലീഷ് പ്രയോഗം ശ്രദ്ധിക്കുക. There is no set rule that a well-set brand should rule a market like a monopoly. In fact there is a thumb rule that states that any brand that tries to do so will only fall like a set of cards. ഇതിൽ ‘സെറ്റ്’, ‘റൂൾ’ എന്നീ വാക്കുകൾ മൂന്നിടത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. മൂന്നിടത്തും ഇതിന്റെ അർത്ഥം വ്യത്യസ്തമാണ്. ഓരോ വാക്കും പെറുക്കിയെടുത്ത് വിവർത്തനം ചെയ്യുന്ന ഒരാൾക്ക് ഈ സന്ദേശം കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനാവില്ല. എന്നാൽ പ്രാദേശികവത്ക്കരണം നടത്തുന്ന ആളുകൾ നോക്കുന്നത് എന്താണ് ഈ വരികളിലെ അർത്ഥം എന്നാണ്. അതിൽ ഊന്നി നിന്നായിരിക്കും അവർ പ്രാദേശിക ഭാഷയിൽ ഇത് എഴുതുക. ഭാഷ രസകരമാണ്. പക്ഷെ അതിൽ അബദ്ധങ്ങൾ പിണയുമ്പോൾ രസകരമെന്നത് മാറി പരിഹാസ്യമാകും. പുറം ലോകത്തിന് ഇത് വായിച്ച് ചിരിക്കാനുള്ളൊരു സംഗതി മാത്രമായിരിക്കും, പക്ഷെ ബ്രാൻഡിനെ സംബന്ധിച്ച് ഇതുണ്ടാക്കുന്ന ചീത്തപ്പേര് ചെറുതല്ല. മനുഷ്യൻ്റ കഴിവുകൾ വേണ്ട ഈ പണി മെഷീൻ നന്നായി ചെയ്തോളും എന്ന് ഇതുവരെ ചുട്ടിക്കുത്താത്ത ചുരുക്കം ചില മേഖലകളിൽ ഒന്നാണ് പ്രാദേശികവത്ക്കരണം. എല്ലാം വിവർത്തനം ചെയ്യാൻ എളുപ്പമാണ്, പക്ഷെ അത് പ്രാദേശിക ഭാഷയിലെ ഉപയോക്താവിന്റെ ഹൃദയത്തിൽ തട്ടുന്ന തരത്തിൽ പ്രാദേശികവത്ക്കരണം നടത്താനാണ് ബുദ്ധിമുട്ട്. അതിന് ഇതിൽ അനുഭവ പരിചയമുള്ളവർ തന്നെ വേണം.

5. ഗുണമേന്മയിലൂടെ കാര്യക്ഷമത കൈവരിക്കൽ

നല്ല ബിസിനസ്സുകൾ തങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ എപ്പോഴും പുതുവഴികൾ തേടിക്കൊണ്ടിരിക്കും.ഇതിനായി തള്ളേണ്ടത് പലതും കാണും കൊള്ളേണ്ടത് പലതും കാണും. ഇത് രണ്ടും തിരിച്ചറിയുക എന്നതാണ് പ്രധാനം. ലോക്കലൈസേഷൻ ഇൻഡസ്ട്രിയെ ക്യാറ്റ് ടൂളുകൾ എന്ന് വിളിക്കുന്ന കമ്പ്യൂട്ടർ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാൻസിലേഷൻ ടൂളുകൾ ആകെ മാറ്റി മറിച്ചിരിക്കുകയാണ്. പ്രാദേശികവത്ക്കരണം ഒരു കലയാണ് എന്നതിൽ സംശയമില്ല, അതോടൊപ്പം തന്നെ അംഗീകരിക്കേണ്ട വസ്തുത ഇതിലൊരു ശാസ്ത്ര പശ്ചാത്തലവുമുണ്ട് എന്നതാണ്. അതിനാൽ തന്നെ എപ്പോഴും മെച്ചപ്പെടുത്തലുകൾക്ക് അവസരമുണ്ടാകും. പുതുതായി പ്രാദേശികവത്ക്കരണത്തിലേക്ക് കാലെടുത്തു വയ്ക്കുന്നൊരു ബ്രാൻഡിന് ഈ വെല്ലുവിളി പെട്ടെന്ന് മനസ്സിലാകും. കാരണം ഇത് താരതമ്യേന ചെറുതാണ്. ഇതിൽ കൂടുതലായും നമ്പറുകളും ലോജിക്കുമാണുള്ളത്.നിങ്ങളുടെ ലോക്കലൈസേഷൻ പങ്കാളി നിങ്ങളുടെ ആവശ്യകതകയ്ക്ക് അനുസരിച്ച് ടെക്ക്-അധിഷ്ഠിത പരിഹാരങ്ങൾ സൃഷ്ടിക്കാനും അവ പ്രവർത്തിപ്പിക്കാനും ശേഷിയുള്ളവരാണെന്ന് ഉറപ്പാക്കുക.

എല്ലാത്തിലും പ്രതികൂല ഘടകങ്ങളും അനുകൂല ഘടകങ്ങളുമുണ്ട്. ഇവയെല്ലാം പരിഗണിക്കുമ്പോഴും ബിസിനസ്സുകൾ കൂടുതലായും പ്രാദേശികവത്ക്കരണത്തിലേക്ക് ഇറങ്ങണം എന്ന് മാത്രമെ പറയാൻ കഴിയൂ, കാരണം പ്രതികൂല ഘടകങ്ങളെല്ലാം ഒരുഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ നിങ്ങൾക്ക് അനുകൂലമായി മാറും. നിങ്ങളുടെ പങ്കാളി ശരിയായ മനോഭാവവും ശരിയായ പ്രവർത്തനരീതിയും ഉള്ളവരാണെന്ന് ഉറപ്പാക്കുക.

    Leave a Reply

    Your email address will not be published.